കോട്ടയം: നെടുംകുന്നം പന്ത്രണ്ടാം മൈല്‍ സ്വദേശിയായ 71കാരന്റെ മൃതദേഹത്തോടാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി ജീവനക്കാരന്‍ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വ്യാസനെ ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി കറുകച്ചാല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.12 മണിയോടെ നടപടിക്രമം പൂര്‍ത്തികരിച്ച ശേഷം മൃതദേഹത്തില്‍ നിന്ന് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കുന്നതിനും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുമായി മോര്‍ച്ചറിയില്‍ എത്തിച്ചു.
എന്നാല്‍ മോര്‍ച്ചറിയില്‍ ഡ്യൂട്ടിയുണ്ടായിരുന്ന താല്‍കാലിക ജീവനക്കാരന്‍ മൃതദേഹം മോര്‍ച്ചറിയില്‍ വെയ്ക്കുവാന്‍ അനുമതി നല്‍കിയില്ല. മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആര്‍.എം.ഒയുമായി മരിച്ചയാളുടെ ബന്ധുക്കളും ഭരണകക്ഷി നേതാക്കളും നേരത്തെ ബന്ധപ്പെടുകയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്ന് സമ്മതിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇതൊന്നും ഈ ജീവനക്കാരന്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതുമൂലം മണിക്കൂറുകളോളം മൃതദേഹം ആംബുലന്‍സില്‍ കിടത്തി.

തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കി മോര്‍ച്ചറിയുടെ വാതിലിന്റെ മുന്‍വശം തറയില്‍ കിടത്തി. തുടര്‍ന്ന് സ്രവം ശേഖരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ എത്തിയപ്പോള്‍ മൃതദേഹം എടുത്ത് ആംബുലന്‍സില്‍ വെച്ച് സ്രവം എടുത്തു. ആശുപത്രി അധികൃതര്‍ അടക്കം നിരവധിപേര്‍ ഇടപെട്ടിട്ടും മൃതദേഹം ഫ്രീസറിനുള്ളില്‍ വെയ്ക്കുവാന്‍ ഈ ജീവനക്കാരന്‍ തയ്യാറായില്ല.
ഈ ജീവനക്കാരനെതിരെ ഇതിനു മുമ്പും വ്യാപകമായ പരാതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഇയാളെ അധികൃതര്‍ ശാസിച്ചിരുന്നതാണ്. നിരവധി വര്‍ഷമായി ഇയാള്‍ ഇവിടെ ഡ്യൂട്ടി ചെയ്യുവാന്‍ തുടങ്ങിയിട്ട്. ഒരു വര്‍ഷമോ ആറു മാസമോ കൂടുമ്പോള്‍ താല്‍കാലിക ജീവനക്കാരുടെ ഡ്യൂട്ടി മാറ്റാറുണ്ടെങ്കിലും ഇയാളുടെ കാര്യത്തില്‍ ഇത് ബാധകമല്ല.
മൃതദേഹവുമായി വരുന്ന പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് പൊതു ജനങ്ങളോടും മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇന്നലെയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹത്തോട് അനാദരവ് കാട്ടിയ ജീവനക്കാരനെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കുവാന്‍ തയ്യാറെടുക്കുയാണ് മരിച്ചയാളിന്റെ ബന്ധുക്കള്‍.