റാന്നി: പമ്പാ നദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ ഒഴുകിയെത്തി തിരച്ചിലിനിടെ കാണാതായ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്നു വൈകിട്ട് അഞ്ചരയോടെ ഇടക്കുളം പള്ളിയോട കടവിന് താഴെ ഭാഗത്ത് പൊങ്ങുകയായിരുന്നു. ഏകദേശം അമ്പത് വയസിന് മേല്‍ പ്രായം തോന്നിക്കും. മുഖത്ത് കുറ്റിരോമങ്ങള്‍ നിറഞ്ഞയാളാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കാണാതായതായുള്ള പരാതികള്‍ ഇന്നു വരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ചൊവ്വൂര്‍ കടവില്‍ ഒഴുകിയെത്തിയ മൃതദേഹം അഗ്നിശമനയ്ക്ക് കരയ്ക്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വടശേരിക്കര ഭാഗത്തു നിന്നും ഒഴുകിയെത്തി ഇവിടെ കാണാതാവുകയാരുന്നു. അഗ്നിശമന സേനയുടെ ബോട്ടില്‍ റാന്നി വലിയപാലം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്ന് വൈകിട്ട് അഞ്ചോടെ മണല്‍പരപ്പിലേയ്ക്ക് കയറിയ നിലയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടത്. അവരറിയിച്ചതനുസരിച്ച് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.