ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഭക്ഷണം കഴിച്ചതിന് പിന്നാലെ 40 ഓളം കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവെന്നും കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഛര്‍ദ്ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏകദേശം 50 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കടമ്പത്തൂര്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം നടന്നത്. കടമ്പത്തൂരിലെ കോട്ടയൂര്‍ മിഡില്‍ സ്‌കൂളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്.
സംഭവത്തില്‍ പാചകക്കാരായ തൊഴിലാളികളെ ജോലിയില്‍ നിന്ന് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, ഒരു അധ്യാപകന്‍, പ്രഭാതഭക്ഷണ പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുക്കളയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കീടങ്ങളെ ഒഴിവാക്കാനും കെട്ടിടം പെയിന്റ് ചെയ്യാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്‍കരുതലിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് അധ്യാപകര്‍ ഭക്ഷണം പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.































