റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം കീക്കൊഴൂര്‍ കരയിൽ കണ്ടെത്തി. അത്തിക്കയം കുടമുരുട്ടി വടക്കേതിൽ മാധവന്റെ മകൻ രാജൻ (69) ആണ് മരിച്ചത്. മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷം പോലീസെത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കീക്കൊഴൂര്‍ പാലത്തിന്‍റെ സമീപം മൃതദേഹം രാവിലെ കണ്ടെങ്കിലും ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും ഒഴുകി പുതമണ്‍ വരെ എത്തിയിരുന്നു. തുടര്‍ന്ന് റബര്‍ ഡിങ്കിയില്‍ മൃതദേഹം ഇടപ്പാവൂര്‍ കരയിലേക്ക് എത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ് റാന്നി പോലീസ് സ്ഥലത്തെത്തിയിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്‌സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ പുഴയിൽ വിപുലമായ തിരച്ചിൽ നടത്തി വരികയായിരുന്നു.
എന്നാൽ പമ്പയാറ്റിലെ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും തിരച്ചിലിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു.സംഭവം നടന്ന ദിവസം പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ബാഗിൽ നിന്നാണ് തിരിച്ചറിയൽ കാർഡും വോട്ടർ ഐഡിയും പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാണാതായ ആളെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചത്. മുൻപ് റാന്നി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ റാന്നി പോലീസ് പൂർത്തിയാക്കും.






























