തിരുവല്ല: മണിമലയാറിന് കുറുകെയുള്ള കുറ്റൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന് താഴെ കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവം നടന്നിടത്തു നിന്ന് നാല് കിലോമീറ്റര്‍ മാറി വെണ്‍പാല പനച്ചിമൂട്ടില്‍ കടവിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
കുറ്റൂര്‍ പാറയില്‍ ഷാജിയുടെ മകന്‍ ജിബിന്റെ (22) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 11.30ഓടെ പനച്ചിമൂട്ടില്‍ കടവിന് സമീപത്തെ പൊന്തക്കാട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജിബിനിനൊപ്പം ഒഴുക്കില്‍പ്പെട്ട കുറ്റൂര്‍ കലയത്തറ വീട്ടില്‍ ജോയലിന് വേണ്ടിയുള്ള തെരച്ചില്‍ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട മൂന്ന് യുവാക്കള്‍ നീന്തി രക്ഷപ്പെട്ടിരുന്നു.