കൊട്ടാരക്കര: നെടുവത്തൂര്‍ കിള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം അജ്ഞാന്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പോലീസ്. ഈ മാസം 5ന് വൈകിട്ട് 5 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന മൃതശരീരത്തിന് കറുത്ത നിറവും 170 സെന്റി മീറ്റര്‍ ഉയരവുമുണ്ട്. കഴുത്തില്‍ കൊന്തമാല ധരിച്ചിരുന്നു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പിന്‍ ഭാഗത്തേറ്റ കുത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ മുറിവാണ് മരണകാരണമെന്ന് വെളിപ്പെട്ടു. ഇതോടെ കൊലപാതകത്തിനെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാള്‍ തമിഴ്നാട് സ്വദേശിയാണെന്ന് കരുതുന്നു. ഭിക്ഷാടനത്തിനെത്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നതാണെന്ന സംശയവുമുണ്ട്.
ഭിക്ഷാടന സംഘത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണപ്പെട്ടതാണെന്ന സംശയവുമുണ്ട്. ഭിക്ഷാടകരുടെ കൈവശം കാണാറുള്ള സഞ്ചി മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. സഞ്ചിക്കുള്ളില്‍ അരം, പിച്ചാത്തി, പൊട്ടിയ മുഖം നോക്കുന്ന ഗ്ലാസ്, ബ്ലേഡ് എന്നിവയും കണ്ടെത്തി. ഇദ്ദേഹത്തെ അറിയാവുന്നവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.