തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്‌ഷൻ എൻജിനീയർ ചെല്ലമംഗലം അക്കരവിളവീട്ടിൽ ആർ. എസ്. സജിത്തിനെ(42) ദുരൂഹ സാഹചര്യത്തിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടു. ആത്‌മഹത്യ ചെയ്തതാകാമെന്നാണ് പേട്ട പോലീസ് പറഞ്ഞത്.
സഹപ്രവർത്തകരിൽ നിന്നു മാനസിക പീഡനം അനുഭവിക്കേണ്ടതായി വരുന്നുവെന്ന് കാട്ടി സജിത്ത് ഈ മാസം എട്ടിന് റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയിരുന്നു. അഴിമതി അടക്കമുള്ള പ്രവർത്തികൾക്ക് കൂട്ടുനിൽക്കാത്തതിനാലാണ് പീഡനം അനുഭവിക്കേണ്ടിവരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരാതിക്കു പരിഹാരമുണ്ടായിട്ടില്ലെന്നു തന്നെയല്ല പരാതി കൊടുത്തതിനുശേഷം കൂടുതൽ മാനസികമായി പീഡിപ്പിക്കുന്നതായും സജിത്ത് വീട്ടിലറിയിച്ചിരുന്നു. ഉദ്യോഗം രാജിവെയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്നും മരിക്കുന്നതിന്റെ തലേന്ന് ഭാര്യയോടു പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.
നാളെ എന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ എന്റെ മൃതദേഹം റെയിൽവേ ആസ്ഥാനത്ത് അന്ത്യോപചാരം അർപ്പിക്കാൻ വെയ്ക്കരുതെന്നും ഭാര്യയോട് പറഞ്ഞിരുന്നു. മരിച്ച ദിവസം രാവിലെ 5.30ന് ഭാര്യയെ വിളിച്ച് ഡ്യൂട്ടി കഴിഞ്ഞുവെന്നറിയിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ജനശതാബ്ദി ട്രെയിനാണു തട്ടിയത്. മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സഹപ്രവർത്തകരുടെ മാനസിക പീഡനമാണ് ആർ.എസ്. സജിത്തിന്റെ മരണകാരണമെന്നും മരണത്തിലെ ദൂരൂഹത അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭാര്യ അശ്വനി ഇന്ന് പേട്ട പോലീസിൽ പരാതി നൽകി. എം. രവികുമാറിന്റെയും പരേതയായ ശോഭനകുമാരിയുടെയും മകനാണ് സജിത്. ഭാര്യ: അശ്വനി. സജിത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞുണ്ട്.