തിരുവനന്തപുരം: രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എറണാകുളം കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ് എന്ന കമ്പനിയില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചതിനെ തുടർന്ന് കമ്പനിയുടെ ചെയര്‍മാന് അന്നയുടെ അമ്മ അയച്ച കത്തില്‍ ജോലി സ്ഥലത്ത് ഇളവ് ലഭിക്കാത്തതും അമിത ജോലിഭാരവും സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അന്ന സെബാസ്റ്റ്യന്‍റെ മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വിവരം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വിശ്രമമില്ലാത്ത ജോലിയും പിരിച്ചുവിടല്‍ ഭീഷണിയും തൊഴില്‍ അവകാശങ്ങളുടെ നിഷേധവുമൊക്കെ ഐ.ടി രംഗത്ത് ഉള്‍പ്പെടെ ചില തൊഴില്‍ മേഖലകളില്‍ ഉണ്ടെന്ന ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി ഒപ്പുവച്ചിട്ടുള്ള പാട്ടക്കരാറില്‍ സംസ്ഥാനത്ത് നിലവിലുളള എല്ലാ തൊഴില്‍ നിയമങ്ങളും പാലിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. കമ്പനികൾ ഉത്തരവ് പാലിച്ചിട്ടില്ലെങ്കിൽ ജീവനക്കാർക്ക് നിയമവഴികൾ തേടാം. കൊവിഡിന് ശേഷം കൂടുതല്‍ കമ്പനികള്‍ ‘വര്‍ക്ക് ഫ്രം ഹോം’ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഇത് സംബന്ധിച്ച് വ്യക്തമായ സമയക്രമം പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.