ബെംഗളൂരു : കർണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗൽബംഡേ മഠത്തിന്‍റെ മഠാധിപതി ബസവലിംഗ സ്വാമി (44) യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബസവലിംഗ സ്വാമി ഒരു സ്ത്രീയുമായി നടത്തിയ വീഡിയോ കോളുകളുടെ ദൃശ്യം വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
ബസവലിംഗ സ്വാമിയെ ഹണിട്രാപ്പിൽപ്പെടുത്തിയ വീഡിയോ കോളുകളാണിവയെന്ന് കരുതുന്നു. സ്ത്രീയുമായി സ്വാമി നടത്തിയ വീഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് അദ്ദേഹം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യത്തെപ്പറ്റി സൂചനയുണ്ട്. സ്വാമിയുൾപ്പെട്ട നാല് വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് സ്ത്രീയും മറ്റു ചിലരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തന്നെ ചിലർ ദ്രോഹിച്ചതായും സ്വാമി കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. മഠാധിപതി സ്ഥാനത്തുനിന്ന് നീക്കാനാണ് ഇവർ ഇത് ചെയ്തതെന്നും പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് മഠത്തിലെ മുറിയിൽ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.