അമേരിക്ക : അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പോലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ.കഴിഞ്ഞ വർഷം ജനുവരിയിൽ സിയാറ്റിലിൽ വച്ചാണ് അമിതവേഗതയിലായിരുന്ന പോലീസ് പട്രോളിംഗ് കാറിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ജാനവി കാണ്ഡുല (23) മരിച്ചത്. സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്നു ജാനവി. വാഹനമോടിച്ചിരുന്ന പൊലീസ് ഓഫീസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ യു.എസ് കോടതി റദ്ദാക്കിയതിനെതിരെ ഇന്ത്യൻ എംബസി സിയാറ്റിൽ അറ്റോർണി ജനറൽ ഓഫിസിൽ ഹർജി നൽകി.
മതിയായ തെളിവുകളുടെ അഭാവം മൂലം കെവിനെതിരെ ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.എന്നാൽ, ജാനവിയുടെ മരണത്തെ പരിഹസിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നതിന്റെ ബോഡി ക്യാം ഫൂട്ടേജ് സിയാറ്റിൽ പൊലീസ് നേരത്തെ പുറത്തുവിട്ടത് വിവാദമായിരുന്നു. അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഡാനിയൽ ഓഡറർ എന്ന പൊലീസുകാരനാണ് ജാനവിയുടെ മരണത്തെ പരിഹസിച്ച് സംസാരിച്ചത്.