പത്തനംതിട്ട : നവജാതശിശുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്തനംതിട്ട മെഴുവേലിയില്‍ ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി. നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളിലും സമഗ്ര അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗ് നല്കിയ പരാതിയിന്മേല് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്കു മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയായിരുന്നു.
സംഭവത്തില്‍ ഇലവുംതിട്ട പോലീസ് കുഞ്ഞിന്റെ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അവിവാഹിതയായ സ്ത്രീ പ്രസവിച്ച ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊലപ്പെടുത്താന്‍ മറ്റാരുടെയെങ്കിലും പ്രേരണയോ പ്രോത്സാഹനമോ ഭീഷണിയോ ഉണ്ടായിട്ടുണ്ടോയെന്നതടക്കം സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും അന്വേഷിക്കണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിംഗിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്.