തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എകെ ബാലൻ. എസ്എഫ്ഐ എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എകെ ബാലൻ പറഞ്ഞു. കോളേജുകളെ ലഹരിമുക്തമാക്കിയതും റാഗിങ്ങിൽ നിന്ന് മുക്തമാക്കിയതും എസ്എഫ്ഐയാണെന്നും എകെ ബാലൻ ന്യായീകരിച്ചു.
എസ്എഫ്ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകർക്കൽ ലക്ഷ്യമിട്ടാണെന്നും എ.കെ.ബാലൻ ആരോപിച്ചു.
അതിനിടെ സിദ്ധാർത്ഥന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതികൾ എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്‌ഐയും അതാണ് പറഞ്ഞത്. സംഭവത്തിൽ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ എസ്എഫ്‌ഐയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങൾ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും. ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുൻപ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശം. ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് രാവിലെ പത്തര വരെ സമയം നീട്ടി നൽകി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടി. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.