കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ എന്തെന്നത് വിശദമായി പരിശോധിക്കാൻ ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മിഷന്റെ തീരുമാനം. വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ്, ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവർ ഉൾപ്പടെയുള്ളവർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഗവർണറാണ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദിനെ കമ്മിഷനായി നിയമിച്ചത്. ഇവർ നിലവിൽ സസ്പെൻഷനിലാണ്. റിപ്പോർട്ട് കണക്കിലെടുത്തായിരിക്കും സസ്പെൻഷൻ റദ്ദാക്കുന്നകാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ തീരുമാനം ഉണ്ടാകുക.
കമ്മിഷനെ സഹായിക്കാനായി റിട്ട. ഡിവൈ.എസ്.പി. വി.ജി. കുഞ്ഞനും ഹൈക്കോടതിയിൽനിന്ന് വിരമിച്ച പ്രോട്ടോക്കോൾ ഓഫീസർ എസ്. ശ്രീകുമാറുമാണുള്ളത്. കഴിഞ്ഞദിവസം സിറ്റിങ്ങിൽ വൈസ് ചാൻസലർ, ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരിൽനിന്ന് മൊഴിയെടുത്തിരുന്നു. വിദ്യാർഥികളാരും മൊഴിനൽകാൻ എത്തിയില്ല. അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികളിൽ നിന്നടക്കം മൊഴിയെടുക്കാനാണ് തീരുമാനം. മൊഴി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായിവെക്കും.