ന്യൂഡല്‍ഹി : യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദി കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം ശരിവെച്ചു. അതേസമയം കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും തുടരുമെന്ന് കേന്ദ്രം അറിയിച്ചു. നിമിഷ പ്രിയയുടെ കുടുംബം മോചനത്തിനായി എല്ലാ വഴികളും ആരായുന്നതായി മനസ്സിലാക്കുന്നു. കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ് സ്വാൾ പറഞ്ഞു. അതേസമയം വധശിക്ഷ നടപ്പാക്കാനുള്ള യെമൻ പ്രസിഡന്റിന്റെ ഉത്തരവ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി. തീയതി പ്രോസിക്യൂട്ടർ തീരുമാനിക്കും. ഒരു മാസത്തിനകം നടപ്പാക്കിയേക്കും. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധം ഇല്ലാത്തതിനാൽ ഇനിയുള്ള ശ്രമങ്ങൾ ദുഷ്കരമാകും. തലാലിന്റെ കുടുംബാംഗങ്ങളുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് യെമനിൽ മോചനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം അറിയിച്ചു.
സ്ത്രീയെന്ന പരിഗണന കിട്ടിയേക്കാമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 20ന് യെമനിലെത്തിയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മൂന്നു തവണ മാത്രമാണ് മകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത്. അവർ ജെറോമിന്റെ വസതിയിൽ കഴിയുകയാണ്. തടസങ്ങളേറെ തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുക, ഗോത്രത്തലവൻമാരുമായി ചർച്ച പുനരാരംഭിക്കുക, നയതന്ത്ര നീക്കം എന്നീ വഴികളാണുള്ളതെങ്കിലും പ്രതിബന്ധങ്ങളേറെ. ദയാധത്തെ തലാലിന്റെ സഹോദരങ്ങൾ എതിർത്തതോടെ ആദ്യഘട്ടത്തിൽത്തന്നെ ചർച്ചകൾ വഴിമുട്ടി. ഗോത്രത്തലവന്മാരും പിൻവലിഞ്ഞു. ഒത്തുതീർപ്പ് ചർച്ചകൾക്ക് കൂടുതൽ പണം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. 40,000 ഡോളർ ആവശ്യപ്പെട്ടതിൽ ആദ്യഘട്ടമായി 20,000 ഡോളർ ആക്ഷൻ കൗൺസിൽ സമാഹരിച്ച് കൈമാറിയിരുന്നു. തുകയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്കുകൾ വേണ്ടതിനാൽ രണ്ടാംഘട്ട സമാഹരണം മുടങ്ങി. ആഭ്യന്തരസംഘർഷം രൂക്ഷമായ യെമനിൽ മറ്റൊരു രാജ്യത്തിൻ്റെ സഹായം തേടലും ദുഷ്കരമാണ്.