ഡല്‍ഹി: രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇത് ഓണ്‍ലൈനില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ രാജ്‌ശേഖര്‍ രാജഹാരിയ ഈ വിവരങ്ങള്‍ കണ്ടെത്തി. ഡാര്‍ക്ക് വെബ്ബില്‍ ഈ വിവരങ്ങള്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതിനായി രാജ്യത്തെ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ഫോള്‍ഡറും കൈമാറിയിട്ടുണ്ട്. 1.3 ജിബിയുള്ള ഫോള്‍ഡറില്‍ 58 സ്‌പ്രെഡ്ഷീറ്റുകളിലായാണ് വിവരങ്ങളുള്ളത്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പരുകള്‍, ഇ മെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനം, വാര്‍ഷിക വരുമാനം ജനന തിയതി എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. എന്നാല്‍ ചോര്‍ന്നവയില്‍ മുഴുവന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പരുകളില്ലെന്നാണ് വിവരം.
നിലവില്‍ ചോര്‍ന്നിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ബാങ്കിംഗ് തട്ടിപ്പുകള്‍ നടത്താനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സ്പാമിംഗ് പോലുള്ളവയ്ക്കായി ഉപയോഗിച്ചേക്കാം. ഡേറ്റാ ചോര്‍ന്ന വിവരം രാജ്യത്തെ സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചിട്ടുണ്ട്.