തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3,32,291 കോടി രൂപയാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. എന്നാല്‍, കടത്തിന്റെ തോത് ഉയരുന്നത് കുറഞ്ഞിട്ടുണ്ട്. 100 ശതമാനത്തിലധികമായിരുന്ന കടത്തിന്റെ വളര്‍ച്ച 2020-’21 വര്‍ഷം 88.66 ശതമാനമായി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രിക്കുവേണ്ടി സഭയില്‍ മറുപടിനല്‍കിയ മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
കടവും ധനക്കമ്മിയും ഉയരാന്‍ പലകാരണങ്ങളുണ്ട്. കോവിഡിനെത്തുടര്‍ന്ന് ആഭ്യന്തര ഉത്‌പാദനം കുറഞ്ഞത്, കടമെടുപ്പ് പരിധി ഉയര്‍ത്തിയത്, കേന്ദ്രനികുതിവിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.93 ശതമാനമായി കുറച്ചത്, സംസ്ഥാനത്തിന്റെ തനതുവരുമാനത്തിലുള്ള കുറവ്, ആരോഗ്യ-ക്ഷേമ മേഖലയിലെ അധികച്ചെലവ്, ശമ്പള-പെന്‍ഷന്‍ പരിഷ്കരണം തുടങ്ങിയവയെല്ലാം ഇതിനുകാരണമായി. കടബാധ്യതയെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയില്ല. ആഭ്യന്തര ഉത്‌പാദനം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനുള്ള ചെലവില്‍ കുറവുവരുത്തിയിട്ടില്ല. അതിനാല്‍, ഭാവിയില്‍ ആഭ്യന്തരവരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാല്‍ കെ-റെയില്‍ പോലുള്ള പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുമോയെന്ന പി.സി വിഷ്ണുനാഥിന്റെ ചോദ്യത്തിന്, സംസ്ഥാനത്തിന് ആവശ്യമുള്ള ഒരുവികസനപദ്ധതിയില്‍നിന്നും പിന്മാറില്ലെന്നായിരുന്നു മറുപടി. നികുതിക്കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടി ശക്തമാക്കും. നികുതിവരുമാനം കുറയുന്ന സാഹചര്യത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുവരുകയാണെന്നും മന്ത്രി പറഞ്ഞു.