പത്തനംതിട്ട : പ്രവർത്തനം ആരംഭിച്ച് ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും സ്വന്തമായൊരു കെട്ടിടം ഇപ്പോഴും സ്വപ്നമായി ശേഷിക്കുകയാണ് ഇലന്തൂർ ഗവ. കോളജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും. 2014ലാണ് ഇലന്തൂരിൽ ഗവ. കോളജ് ആരംഭിക്കുന്നത്. സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഇലന്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരുഭാഗമാണ് കോളജിനായി ഉപയോഗിച്ചിരുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറവും അതേ അവസ്ഥയിൽ തന്നെയാണ് ഇലന്തൂർ ഗവ കോളജ്. മൂന്ന് കോഴ്സുകളായിരുന്നു തുടക്കത്തിൽ. ബി.എസ്സി സുവോളജി, ബി.കോം, ബി.എ മലയാളം എന്നിവ. ശേഷം എം.കോം കോഴ്സുകൂടി ലഭിച്ചതോടെ എണ്ണം നാലായി. 156 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പ്രിൻസിപ്പൽ അടക്കം 22 അധ്യാപകർ ജോലി ചെയ്യുന്നു.
10 സ്ഥിരം പോസ്റ്റും 11 ഗസ്റ്റ് അധ്യാപകരുമാണുള്ളത്. കോളജ് ആരംഭിക്കുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം നിർമിച്ച് നൽകാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. 2017ൽ ഖാദി ബോർഡ് സ്ഥലം വിട്ടുനൽകിയെങ്കിലും പുറമ്പോക്കാണെന്ന് ആരോപിച്ച് മൂന്ന് കുടുംബങ്ങൾ താമസത്തിന് എത്തി. അങ്ങനെ രജിസ്ട്രേഷൻ ഏഴുവർഷം നീണ്ടു. ശേഷം മന്ത്രി വീണ ജോർജ് കിഫ്ബി വഴി പദ്ധതി തയാറാക്കി. സ്ഥലം ഏറ്റെടുത്തു രജിസ്ട്രേഷൻ നടത്തിയെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. ഈ സ്ഥലത്തേക്കുള്ള റോഡിന് ഏഴ് മീറ്റർ വീതിക്ക് പകരം നാല് മീറ്റർ മാത്രമാണുള്ളത്. ഇതിന് വീണ്ടും സമീപവാസികളുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 5.12 ഏക്കർ സ്ഥലമാണ് കെട്ടിടം നിർമിക്കാൻ ഏറ്റെടുത്തത്.