റാന്നി : കാലവർഷം ശക്തമായ സാഹചര്യത്തിൽ റാന്നി താലൂക്കിലെ പഞ്ചായത്ത് തോറും ഹെൽപ്പ് ഡെസ്ക് ആരംഭിക്കാൻ എംഎൽഎ വിളിച്ചുചേർത്ത താലൂക്ക് അവലോകന യോഗത്തിൽ തീരുമാനമായി. റാന്നിയുടെ കിഴക്കൻ മലയോര മേഖലകളിൽ തോടുകളും നദിയും നിറഞ്ഞു കവിഞ്ഞ് അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് എംഎൽഎ യോഗം വിളിച്ചുചേർത്തത്.
മലയോര മേഖലയിലെ പല വീടുകളുടെയും സമീപത്തെ മൺതിട്ട ഇടിഞ്ഞ് അപകട ഭീഷണി ഉണ്ടാക്കുന്നുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുവാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കി വയ്ക്കുവാനും എംഎൽഎ നിർദ്ദേശിച്ചു. അതാത് വില്ലേജ് ഓഫീസുകൾക്കാണ് ക്യാമ്പുകളുടെ ചുമതല. ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സൗകര്യം ഉറപ്പാക്കണം. ശബരിമല തീർത്ഥാടന പാതയിലും മറ്റ് പ്രധാന പാതകളിലും അപകടസ്ഥിതിയിലുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ 13 കിടക്കകൾ എപ്പോഴും സജ്ജമാക്കി വെക്കും. പെരുനാട് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ബഥനി ആശ്രമത്തിൽ പത്ത് കിടക്കുകൾ അടിയന്തര ചികിത്സയ്ക്കായി സജ്ജമാക്കും. പോലീസ് സ്റ്റേഷനുകളിലും വിവരങ്ങൾ സ്വീകരിക്കുന്നതിന് പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കും. വൈദ്യുത ബന്ധം തകരാറിലാകുന്ന സാഹചര്യത്തിൽ ഇവ പുനർ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ വൈദ്യുത വകുപ്പിനെ ചുമതലപ്പെടുത്തി. നദികളിലൂടെ വരുന്ന എക്കലും ചെളിയും അടിഞ്ഞ് ശുദ്ധജലവിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ജലവിഭവ വകുപ്പും അറിയിച്ചു.
യോഗത്തിൽ എംഎൽഎ കൂടാതെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ തഹസീദാർ ആർ രാജേഷ് എന്നിവരുo പങ്കെടുത്തു.