തിരുവനന്തപുരം : കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലീം ലീഗ് എംഎല്‍എയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനം. ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും വളളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുള്‍ ഹമീദിനെ ഡയറക്ടര്‍ ബോര്‍ഡിലുള്‍പ്പെടുത്താനാണ് കേരള ബാങ്ക് ഭരണ സമിതി തീരുമാനിച്ചത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ മലപ്പുറത്തെ യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് ഈ നടപടി. എല്ലാം പാര്‍ട്ടി അനുമതിയോടെയെന്ന് അബ്ദുള്‍ ഹമീദ് പ്രതികരിച്ചപ്പോള്‍ വിഷയം വിവാദമാക്കേണ്ടെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രതികരണം.
2019 നവംബര്‍ 29ന് നിലവില്‍ വന്ന കേരള ബാങ്കില്‍ 13 ജില്ലാ ബാങ്കുകളും ലയിച്ചിരുന്നെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ സഹകരണ നിയമഭേദഗതിയിലൂടെ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ സര്‍ക്കാര്‍ ലയിപ്പിച്ചിരുന്നു. ഹൈക്കോടതി അടുത്തിടെ ലയനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയമോഹനും ലീഗ് എംഎല്‍എ യുഎ ലത്തീഫും ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ലീഗ് നേതാവിനെ തന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുളള കേരള ബാങ്ക് തീരുമാനം. സഹകരണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്നും ലീഗ് അനുമതിയോടെയാണ് തീരുമാനമെന്നും പി അബ്ദുള്‍ ഹമീദ് പറഞ്ഞു.
അബ്ദുള്‍ ഹമീദിനെ നോമിനേറ്റ് ചെയ്തത് സര്‍ക്കാരെന്നും കേരള ബാങ്കിനെതിരായ ലീഗിന്റെ നിയമപോരാട്ടം തുടരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ഹസന്റെ പ്രതികരണം. മലപ്പുറം ജില്ലാ ബാങ്ക് മാത്രം കേരള ബാങ്കില്‍ ലയിക്കാതെ നില്‍ക്കുന്നതിനോട് കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. നബാര്‍ഡ് വഴിയുളള പല സഹായങ്ങളും കിട്ടാത്ത പ്രശ്‌നങ്ങളും നിലവിലുണ്ട്. ഇതെല്ലാമാണെങ്കിലും യുഡിഎഫ് ജില്ലാ ചെയര്‍മാനും ലീഗ് ജില്ലാ സെക്രട്ടറിയുമടക്കം നിയമപരമായി ചോദ്യം ചെയ്യുന്ന ഒരു വിഷയത്തിലാണ് തീര്‍ത്തും കടകവിരുദ്ധമായ ഒരു തീരുമാനത്തിന് ലീഗ് പച്ചക്കൊടി കാട്ടിയതും യുഡിഎഫ് കണ്‍വീനര്‍ അതിന് അംഗീകാരം നല്‍കിയതും.