ന്യൂഡല്‍ഹി : ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അവരെ വിലക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കൂറുമാറിയവരെ മത്സരിക്കാന്‍ അനുവദിക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാരും സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് കപില്‍ സിബലിന്‍റെ പരാമര്‍ശം. ‘ഒരു നിയമത്തിനും കൂറുമാറ്റം തടയാനാവില്ല. കൂറുമാറുന്നവരെ സ്ഥാനത്ത് നിന്ന് പുറത്താക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടേ കൂറുമാറ്റം അവസാനിപ്പാക്കാനാവൂ’, കപില്‍ സിബല്‍ പറഞ്ഞു.
കൊളീജിയം സമ്പ്രദായത്തിലെ നിയമനങ്ങള്‍ സംബന്ധിച്ചും കപില്‍ സിബല്‍ പ്രതികരിച്ചു. ജഡ്ജിമാര്‍ക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങളുണ്ടാവും. നിയമനാധികാരം സര്‍ക്കാരിന് നല്‍കിയാലും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഒരാള്‍ സുപ്രീംകോടതി ജഡ്ജിയാവുമ്പോള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെയ്ക്കണം. പക്ഷേ വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും ഭരണ പ്രതിസന്ധിയുണ്ടാക്കി. രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തനിക്ക് 102 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗെഹ്‍ലോട്ട് അവകാശപ്പെട്ടു. ഇരു വിഭാഗത്തിൽ നിന്നും അകലം പാലിച്ച ഭാരതീയ ട്രൈബൽ പാ൪ട്ടി വീണ്ടും അശോക് ഗെഹ്‌ലോട്ടിന് പിന്തുണയുമായി എത്തി. ഉപാധികളോടെയാണ് പിന്തുണയെന്ന് പാ൪ട്ടി വ്യക്തമാക്കി.