റാന്നി : പൊതുമരാമത്ത് വകുപ്പ് ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ച റോഡിരികിലെ കാടു തെളിക്കാന്‍ ഒടുവില്‍ നാട്ടുകാരൊന്നിച്ചു. അത്തിക്കയം- ചെത്തോങ്കര റോഡില്‍ അത്തിക്കയം മുതല്‍ കക്കടുമണ്‍ വിളയാട്ടുപാറ വരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കാടുവെട്ടി തെളിച്ചു മനോഹരമാക്കിയത്. അത്തിക്കയം ബ്രദേഴ്സ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ നടത്തിയ ആഹ്വാനത്തില്‍ റോഡരികിലെ കാടു തെളിക്കാനെത്തിയത് നൂറോളം പേരാണ്.
ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിന്‍റെ ഇരുവശത്തു നിന്നും കാടു വളര്‍ന്ന് റോഡിലേക്ക് ഇറങ്ങിയതോടെ അപകടങ്ങളും സംഭവിക്കാന്‍ തുടങ്ങിയിരുന്നു. മികച്ച നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിനിരുവശവും ഐറിഷ് വര്‍ക്കുകള്‍ ഒന്നും ചെയ്തിട്ടില്ലാത്തതിനാലാണ് വശങ്ങളില്‍ കാടു വളരുന്നത്.
വളവുകളില്‍ കാടു വളര്‍ന്നതോടെ എതിരേയെത്തുന്ന വാഹനങ്ങള്‍ കാണാനുമാകാത്ത സ്ഥിതിയായിരുന്നു.ഇതോടെയാണ് ഒഴിവുദിനത്തില്‍ നാട്ടുകാര്‍ ഒന്നിക്കുവാന്‍ തയ്യാറായത്. അസാധ്യമായതൊന്നുമില്ലെന്ന് ഇതോടെ ഈ കൂട്ടായ്മ തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ ചികിത്സാ സഹായം തേടിയ യുവാവിന് പണം സ്വരൂപിച്ചു നല്‍കാനും ഇവര്‍ മുന്നിട്ടിറങ്ങിയിരുന്നു.
രാവിലെ അത്തിക്കയത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ റെജി വാലുപുരയിടത്തില്‍, ആനിയമ്മ അച്ചന്‍കുഞ്ഞ്, ജോണ്‍ മാത്യു ചക്കിട്ടയില്‍, സലാംകുമാര്‍, ഷാജി ഈറയ്ക്കല്‍, സാംതോമസ്, എഡ് വിന്‍ ജോര്‍ജ്, ബെന്നി ജോസഫ്, അജിത്ത് കുമാര്‍, സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.