അർജന്റീന : ഇതിഹാസ ഫുട്‌ബോൾ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറഡോണയുടെ ആരോഗ്യസ്ഥതിയിൽ ഭയപ്പെടാനില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറഡോണയുടെ ആരോഗ്യസ്ഥതിയിൽ പേടിക്കാനില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറും പറഞ്ഞു. ഒക്ടോബർ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താൻ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. എന്നാൽ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.