പൂച്ചാക്കൽ : കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിനുള്ള പദ്ധതിയെക്കുറിച്ചു പഠിക്കാൻ ഗോവയിൽനിന്നുള്ള പ്രതിനിധിസംഘം അരൂക്കുറ്റിയിലെത്തി. ലോക്കൽ ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്-എൽഎപിസിസി പ്രകാരം അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതിയെക്കുറിച്ചറിഞ്ഞാണ് 27 അംഗ ഗോവ പഞ്ചായത്തു പ്രതിനിധിസംഘം അരൂക്കുറ്റിയിലെത്തിയത്. കാലാവസ്ഥാവ്യതിയാനങ്ങളെ നേരിടുന്ന രീതികളെക്കുറിച്ച് പഞ്ചായത്ത് ഓഫീസിൽ ഗോവപ്രതിനിധി സംഘത്തിനായി ക്ലാസ് നടത്തി. ആസൂത്രണസമിതി ഉപാധ്യക്ഷൻ പി. ശശിധരൻ നായർ ക്ലാസ് നയിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് വെള്ളേഴത്ത്, പഞ്ചായത്ത് സെക്രട്ടറി ദീപ്തി നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ഗോവയിൽനിന്നുള്ള സംഘാംഗങ്ങൾ പഞ്ചായത്തു പ്രസിഡന്റ് ലിയോന ഫെർണാണ്ടസ്, സെക്രട്ടറി സമീർ പറബ് എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. കണ്ടൽക്കാടുകൾ അടക്കം സന്ദർശിച്ചശേഷമാണ് സംഘാംഗങ്ങൾ മടങ്ങിയത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിന് പദ്ധതികളുണ്ടെങ്കിലും പ്രാദേശികതലത്തിൽ സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി നടപ്പാക്കിയത് അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്താണ്. 1999-ലാണ് അരൂക്കുറ്റി പഞ്ചായത്ത് നടപ്പാക്കിയത്. 2022-ൽ ലോകബാങ്ക് കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നടപ്പാക്കിയ ഡിസിഎടി പദ്ധതിക്കു തുടക്കംകുറിച്ചതും അരൂക്കുറ്റിയിലാണ്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രതിസന്ധികളെ നേരിടുന്നതിനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പ്രാപ്തമാക്കുക എന്നതാണ് ഡിസിഎടി പദ്ധതിയുടെ ലക്ഷ്യം.