ന്യൂഡൽഹി : ഡൽഹി മുൻ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെയും ആം ആദ്മി എം.എൽ.എമാരെയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി. 2018ൽ അന്നത്തെ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്ത കേസിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
അതേസമയം ആം ആദ്മി പാർട്ടി എം.എൽ.എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജർവാളിനും എതിരെ കുറ്റം ചുമത്താൻ കോടതി നിർദ്ദേശിച്ചു. കോടതി വിധി നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പ്രതികരിച്ചു. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽവച്ച് 2018 ഫെബ്രുവരി 19ന് എഎപി എം.എൽ.എമാർ മർദ്ദിച്ചെന്നായിരുന്നു അൻഷുപ്രകാശിന്റെ ആരോപണം. ഇത് പിന്നീട് സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോരിന് വഴിവെച്ചിരുന്നു.