വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം അതിന്റെ നിർമാതാവായി സ്വയം മാറണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. വെല്ലൂർ വിഐടി സർവകലാശാലയുടെ 41 -ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. വിഐടി ചാൻസലർ ജി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റുകൾ രേഖ ഗുപ്ത വിതരണം ചെയ്തു. സർക്കാരും ബിരുദധാരികളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിലെ പല പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് രേഖ ഗുപ്ത പറഞ്ഞു. ഐഐടി സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടുകൊണ്ട് മലിനീകരണം, ഗതാഗതക്കുരുക്ക്, മാലിന്യ സംസ്കരണം തുടങ്ങിയ വെല്ലുവിളികൾക്ക് നഗരം പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് ഡൽഹിയുടെ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ വ്യക്തമാക്കി.
തൊഴിൽമേഖലയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾ സമാനമായ പങ്കുവഹിക്കണമെന്നും, സ്വന്തം നഗരങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ നവീകരണത്തിനും സംഭാവന നൽകണമെന്നും അവർ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ‘ഇന്ത്യ എഐ മിഷനി’ലൂടെ സെമികണ്ടക്ടറുകൾ, കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധം, ബഹിരാകാശം, ഡ്രോണുകൾ, റോബോട്ടിക്സ്, ബയോടെക്നോളജി എന്നിവയിൽ നടത്തുന്ന വൻ നിക്ഷേപങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘നിങ്ങൾ കൃത്രിമബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമായിരിക്കരുത് – ഭാരതത്തിന്റെ സ്വന്തം എഐ നിർമിക്കുക,’ എന്ന് അവർ പറഞ്ഞു.
ഇന്ത്യ എഐ സാങ്കേതികവിദ്യ ഉപഭോഗം ചെയ്യുന്നതിൽ നിന്ന് അത് ഉത്പാദിപ്പിക്കുന്നതിലേക്ക് മാറുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ അവർ, ഈയൊരു മാറ്റമാണ് ബിരുദധാരികൾക്ക് തങ്ങളുടെ സംസ്ഥാനത്തിനും രാജ്യത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നെന്ന് വിശേഷിപ്പിച്ചു.































