ന്യൂഡൽഹി : ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചത് 2013 മുതലാണെന്ന് ഡൽഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവൻ അങ്ങോട്ട് പോയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ തകർച്ച ആരംഭിച്ചു. ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പി സി ചാക്കോ പ്രതികരിച്ചു. ഡൽഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് പാര്‍ട്ടി എംപി അധിര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 70ല്‍ 62 സീറ്റ് നേടിയാണ് കെജ്‍രിവാള്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടി ആകെ പോള്‍ ചെയ്തതിന്റെ 53.57 ശതമാനം വോട്ടുകള്‍ നേടി. ബിജെപിക്ക് 38.5 ശതമാനം വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്‍റെ വോട്ട് വെറും 4.26 ശതമാനമായി ഇടിഞ്ഞു.