ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്. ബി.ജെ.പി ബഹുദൂരം പിന്നിലാണ്. 70 സീറ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ 56 ഇടത്താണ് ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ചിത്രത്തിലേ കോണ്‍ഗ്രസില്ല.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ എ.എ.പി പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാന്‍ അനുമതി നല്‍കാന്‍ കേജ്രിവാളിന് സാധിച്ചതും ഒരു രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ്. ഡല്‍ഹിയിലെ വികസനങ്ങളുടെ പട്ടിക തന്നെ എടുത്താല്‍ മതി എന്തുകൊണ്ട് കേജ്രിവാളിന് ജയം സൂചിപ്പിക്കുന്നതെന്ന്. ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി രമേഷ് ബിദൂരി തന്നെ ഇത് സമ്മതിച്ചിരിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇതിനായി വര്‍ഷം 1800 മുതല്‍ 2000 കോടി രൂപ വരെ ഊര്‍ജ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2015 ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത് മുതല്‍ വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്.
അതുപോലെതന്നെ ജനങ്ങള്‍ക്ക് മുമ്പ് വച്ച വാഗ്ദാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രമാണ് കേജ്രിവാള്‍ തീരുമാനിച്ചത്. വര്‍ഗീയത ബി.ജെ.പി പ്രചരിപ്പിക്കുന്നിടത്തെല്ലാം തന്റെ വികസന പദ്ധതികള്‍ മാത്രമാണ് കേജ്രിവാള്‍ മുന്നോട്ടുവച്ചത്. സി.എ.എ പോലുള്ള വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് അദ്ദേഹം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയിരുന്നു.