ഡൽഹി : വികസനത്തിനായി ജനങ്ങൾ വോട്ടുചെയ്യുമെന്നാണ് കരുതുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാന്ദിനി ചൗക്ക് മണ്ഡലത്തിൽപെട്ട സിവിൽ ലൈനിലെ പോളിങ് ബൂത്തിൽ പിതാവിനോടും മാതാവിനോടും പത്നിക്കും ഒപ്പമെത്തിയാണ് മുഖ്യമന്ത്രി കെജ്‌രിവാൾ വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡൽഹിയിലെ വനിതാ സമ്മതിദായകരോട് ട്വിറ്ററിലൂടെ പ്രത്യേക അഭ്യർത്ഥനയും അദ്ദേഹം നടത്തിയിരുന്നു.
സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വത്തെപ്പോലെ രാജ്യത്തിനോടും ഡൽഹിയോടുമുള്ള ഉത്തരവാദിത്വത്തെ കാണണമെന്നും കുടുംബാഗങ്ങളെയും കൂട്ടി വോട്ടെടുപ്പിൽ സജീവമാകണമെന്നും വനിതകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആകെയുള്ള 1.64 കോടി വോട്ടർമാരിൽ 80,55,686 പുരുഷന്മാരും 66,35,635 സ്ത്രീകളും 815 ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുമുണ്ട് . പല മണ്ഡലങ്ങളിലുംസ്ത്രീ വോട്ടർമാരുടെ നിലപാട് നിരര്‍ണായകവുമാണ്.
വോട്ടെടുപ്പ് ആദ്യ രണ്ടു മണിക്കൂറുകൾ പിന്നിടുമ്പോൾ 4.34 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ പ്രധാനമന്ത്രിയും അഭ്യർഥിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭ്യർത്ഥന നടത്തിയത്. റെക്കോർഡ് വോട്ടിംഗ് ശതമാനം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.