ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാനുള്ള ശ്രമത്തിനിടെ ഡല്‍ഹി ഹരിയാനാ അതിര്‍ത്തിയായ അംബാലയില്‍ സംഘര്‍ഷം. ജലപീരങ്കിയുമായി കര്‍ഷകരെ പോലീസ് നേരിടുകയാണ്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബാദര്‍പൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസ്, സി.ആര്‍.പി.എഫ് ജവാന്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഏതു വിധേനെയും മാര്‍ച്ച് തടയുക എന്ന ലക്ഷ്യമിട്ട് നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന മാര്‍ച്ചില്‍ പഞ്ചാബിന് പുറമെ, യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും അണിചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമരത്തെ തകര്‍ക്കുകയാണ് അധികൃതര്‍. കര്‍ഷകമാര്‍ച്ച് കണക്കിലെടുത്ത് ഹരിയാന സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച് പഞ്ചാബിലേക്കുള്ള വാഹന ഗതാഗതം രണ്ടു ദവസത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നായാണ് കര്‍ഷകര്‍ കാല്‍നടയായി ഇവിടേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്.
മാര്‍ച്ചിനെ അതിര്‍ത്തി കടത്തിവിടെല്ലെന്ന തീരുമാനത്തിലാണ് പോലീസ്. കോവിഡ് കണക്കിലെടുത്ത് നഗരത്തില്‍ റാലി നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാരും അനുമതി നിഷേധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ബാരിക്കേഡുകള്‍ വെച്ച് ഹരിയാന സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. നഗരത്തിലേക്കുള്ള റോഡുകള്‍ മണ്ണിട്ട് തടഞ്ഞിട്ടുണ്ട്. ഡല്‍ഹി മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി. നഗരാതിര്‍ത്തി വരെയാകും മെട്രോ സര്‍വിസ് നടത്തുക.