ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് വിസമ്മതിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന ആരോപണവുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഡല്‍ഹി സര്‍ക്കാരിന് പുതിയ സ്റ്റോക്കുകള്‍ അനുവദിക്കാത്തതെന്ന് വ്യക്തമാക്കുന്ന ഭാരത് ബയോടെക്കിന്റെ കത്ത് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തുവിട്ടു. കൊവാക്‌സിന്റെയും കൊവിഷീല്‍ഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ടെന്നും ലഭ്യതക്കുറവുണ്ടെന്നും അതിനാല്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഭാരത് ബയോടെക് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചതെന്ന് സിസോദിയ വ്യക്തമാക്കി. വാക്‌സിന്‍ നിര്‍മാതാക്കളില്‍നിന്ന് കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ വിതരണം കേന്ദ്രം നിയന്ത്രിക്കുകയാണ്. കേന്ദ്രം വാക്‌സിന്‍ ദുരുപയോഗം ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഭാരത് ബയോടെക് കത്തില്‍ പറയുന്നത്. അതിനര്‍ഥം കേന്ദ്രം വാക്‌സിന്‍ വിതരണം നിയന്ത്രിക്കുന്നുവെന്നാണ്- ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ മനീഷ് സിസോദിയ പറഞ്ഞു.
ഞങ്ങള്‍ക്ക് വാക്‌സിന് അഭൂതപൂര്‍വമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉല്‍പാദനം വര്‍ധിച്ചിട്ടും എല്ലാ മാസവും ഞങ്ങള്‍ക്ക് ആവശ്യം നിലനിര്‍ത്താന്‍ കഴിയുന്നില്ല. മാത്രമല്ല, ബന്ധപ്പെട്ട സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിര്‍ദേശപ്രകാരം ഞങ്ങള്‍ അയച്ചുകൊടുക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള അധിക സപ്ലൈകള്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു-ഡോ. എല്ലയില്‍നിന്നുള്ള കത്തില്‍ പറയുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ 1.34 കോടി വാക്‌സിന്‍ ഡോസുകള്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് എന്നിവയ്ക്ക് തുല്യ ഡോസുകള്‍ നല്‍കണം. ആര്‍ക്കൊക്കെ എത്ര വാക്‌സിന്‍ ലഭിക്കുകയെന്ന് കേന്ദ്രമാണ് തീരുമാനിക്കുന്നതെന്ന് അവര്‍ പറയുന്നു.
മെയ് 7ന് ഡല്‍ഹി സര്‍ക്കാരിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടി നല്‍കിയ ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ എല്ലയുടെ കത്തും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. സംസ്ഥാനത്ത് വാക്‌സിന്റെ കരുതല്‍ ശേഖരം തീര്‍ന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ മാത്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കൊവാക്‌സിന്‍ കുത്തിവയ്പ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം അടച്ചെന്നും സിസോദിയ വ്യക്തമാക്കി. 6.6 കോടി ഡോസ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതതാണ് രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിലേക്ക് നയിച്ചതെന്നും സിസോദിയ കുറ്റപ്പെടുത്തി.