ഡല്‍ഹി : ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കലാപമേഖലകള്‍ സന്ദര്‍ശിക്കും. കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുകോടി രൂപ നല്‍കും.
വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. മൂന്നുദിവസം തുടര്‍ച്ചയായി തെരുവുയുദ്ധം നടന്ന മേഖലയില്‍ ഇന്ന് വലിയ അക്രമങ്ങളുണ്ടായിട്ടില്ല. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ ബാധിത പ്രദേശങ്ങളിലെത്തി സമാധാനത്തിനു ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസത്തെതിന് സമാനമായി വലിയ അക്രമങ്ങൾ ഇന്നുണ്ടായില്ലെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.
ബ്രിജ്‌പുരിയിൽ ഇന്നും കല്ലേറുണ്ടായി. ഗോകുൽ പുരിയിൽ ടയർഫാക്ടറി വീണ്ടും അഗ്നിക്കിരയായി. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 189 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ് . അതേസമയം സംഘർഷം നിയന്ത്രിക്കാൻ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തന്നെ രംഗത്തിറങ്ങി. സമാധാനം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി
അക്രമം ആരംഭിച്ച മൗജ്പൂരിലടക്കം അർദ്ധ സൈനിക വിഭാഗത്തിന്റെയും ഡൽഹി പോലീസിന്റെയും കനത്ത സുരക്ഷ വലയത്തിലാണ്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജനങ്ങൾ സംഘടിക്കാൻ പോലീസ് അനുവദിക്കുന്നില്ല. പുതുതായി ചുമതലയേറ്റ സ്പെഷ്യൽ കമ്മിഷണർ എസ്.എൻ ശ്രീവാസ്തവ അക്രമസ്ഥലങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.