ഡൽഹി: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഡൽഹി. പെരുന്നാള്‍ അടുത്തതോടെ കച്ചവടങ്ങളും പൊടി പൊടിക്കുകയാണ്. ഡൽഹി ജമാ മസ്ജിദില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിനായി ഒത്തു ചേരും. ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആത്മ സംസ്‌കരണത്തിന്റെ ദിനരാത്രങ്ങള്‍ കഴിയുന്നതോടെ ഒരു മാസക്കാലത്തെ വൃതാനുഷ്ഠാനത്തിന് ശേഷമുള്ള ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഡൽഹിയും ഒരുങ്ങി. ഡൽഹിയിലെ പ്രധാന മാര്‍ക്കറ്റുകളെല്ലാം ഇതിനോടകം സജീവമാണ്.
പുത്തനുടുപ്പും മധുര പലഹാരങ്ങളും വാങ്ങാനുള്ള ഓട്ടപ്പാച്ചിലിലാണ് വിശ്വാസി സമൂഹം. പല നിറങ്ങളിലുള്ള ജുബ്ബയും പൈജാമയുമാണ് പെരുന്നാളിനായി ഡൽഹിയിലെ വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന വേഷം. പല നിറങ്ങളില്‍ തുന്നിചേര്‍ത്ത തലപ്പാവുകള്‍, വിവിധ മധുര പലഹാരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടും. സുഗന്ധം പരത്താന്‍ വിവിധ അത്തറുകളും മാര്‍ക്കറ്റ് കയ്യടക്കിയിട്ടുണ്ട്. പെരുന്നാള്‍ വിപണിയും സജീവമാണെന്നു കച്ചവടക്കാരും പറയുന്നു.