ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 പേര്‍ക്കെതിരെ കേസെടുത്തതായും 106 പേര്‍ അറസ്റ്റിലായതായും ഡല്‍ഹി പോലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത മേഖലകളില്‍ പോലീസ് വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശിലെ ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്നാണ് വിവരം. അക്രമങ്ങളില്‍ കുറ്റവാളികളായ നാസിര്‍, എതിരാളിയായ ഇര്‍ഫാന്‍ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പോലീസ് പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണമെത്തിയതെന്നാണു സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ജാഫറാബാദ്, മൗജ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന അക്രമങ്ങളില്‍ കലാപകാരികള്‍ 500 റൗണ്ടിനു മുകളില്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണു വിലയിരുത്തല്‍. അക്രമികള്‍ക്കു വലിയ തോതില്‍ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
വെടിവെയ്പ്, കല്ലേറ്, വാഹനങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവയ്ക്കിടെ ഇവര്‍ സുരക്ഷാ കാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. അക്രമം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച വാട്‍സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയില്‍നിന്നു രക്ഷപെടുന്നതിനായി അക്രമികള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവര്‍ത്തിക്കുന്നത്. വീടുകളുടെ മുകള്‍ ഭാഗം, ബാല്‍ക്കണികള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച കല്ലുകളും നാടന്‍ ബോംബുകളും പോലീസ് കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.