ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായുള്ള നടപടികൾ ഇന്ന് സിബിഐ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. മദ്യനയക്കേസിൽ ആദ്യം അന്വേഷണം ആരംഭിച്ചത് സിബിഐയാണ്. തുടർന്നാണ് ഇഡി കേസെടുത്തത്. ഇഡി കേസിലാണ് ഇപ്പോൾ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നത്. മദ്യനയക്കേസില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നൽകിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇഡി നൽകിയ തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതി തീരുമാനം എടുത്തതെന്നും ഹൈക്കോടതി വിമർശിച്ചു. പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥ പൂർണ്ണമായി പാലിച്ചോ എന്നതിലും ജസ്റ്റിസ് സുധീർ കുമാർ ജെയിൻ സംശയം ഉന്നയിച്ചു. ഹൈക്കോടതി സ്റ്റേ നൽകിയ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷയിൽ വീണ്ടും വാദം തുടരും. ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇ.ഡി.നല്‍കിയ അപേക്ഷയില്‍ ജാമ്യം നല്കുന്നത് ഹൈക്കോടതി തല്ക്കാലത്തേക്ക് തടഞ്ഞു. ഇതിനെതിരെ കെജരിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.