ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. കലാപത്തില്‍ പോലിസിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആക്രമമഴിച്ചുവിടാന്‍ പോലിസ് മുന്നില്‍ നിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കലാപസമയത്ത് പോലിസ് വളരെ പക്ഷപാതപരമായിയാണ് പെരുമാറിയത്. കപില്‍ ശര്‍മ്മയെപ്പോലുള്ള ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളെ അവഗണിച്ചുകൊണ്ടാണ് കുറ്റപത്രം വരെ തയ്യാറാക്കിയത്. ഇതെല്ലാം പോലിസിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമം നടന്ന പലയിടത്തും പോലിസ് മൗനം പാലിച്ചതും കലാപത്തിന് ആക്കം കൂട്ടി. പല കേസുകളിലും എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്യാന്‍വരെ പോലിസ് തയ്യാറായില്ല. ആക്രമം നടന്ന് വളരെ വൈകി മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് വരെ.
കലാപ സമയത്ത് വ്യാപകമായ തീവെയ്പ്പ്, കൊലപാതകം, കൊള്ളയടിക്കല്‍ എന്നീ പരാതികളില്‍ വളരെ വൈകി മാത്രമാണ് അന്വേഷണം തുടങ്ങിയത്. മോഹന്‍ നഴ്‌സിംഗ് ഹോമില്‍ നടന്ന വെടിവെപ്പിലും പോലിസിന്റെ അനാസ്ഥ പ്രകടമാണെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലിസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള പക്ഷപാതരമായ നയങ്ങളാണ് ഡല്‍ഹിയിലെ ക്രമസമാധാന സംവിധാനങ്ങളെ തകിടം മറിച്ചത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമങ്ങളെപ്പറ്റിയുള്ള അന്വേഷണം വഴിതിരിച്ചുവിടാനും ഉന്നത സംവിധാനങ്ങള്‍ ശ്രമിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടവും പോലിസും സംഘപരിവാറും ഒന്നിച്ച് നിന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ആരോപണം ശരിവെയ്ക്കുന്നതാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട്.