ഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ദീപക് ബോക്‌സർ മെക്‌സിക്കോയിൽ അറസ്റ്റില്‍. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) സഹായത്തോടെ ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘമാണ് ദീപക് ബോക്സറെ പിടികൂടിയത്. ഈയാഴ്ച അവസാനത്തോടെ ഇന്ത്യയിലെത്തിക്കും. 2022 ആഗസ്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കൊലപ്പെടുത്തിയ ശേഷം ദീപക് ബോക്‌സർ ഒളിവിലായിരുന്നു. ഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ തിരക്കേറിയ റോഡില്‍ വെച്ചാണ് നിരവധി തവണ വെടിയുതിര്‍ത്ത് അമിത് ഗുപ്തയെന്ന വ്യവസായിയെ കൊലപ്പെടുത്തിയത്. ഗുപ്തയെ കൊലപ്പെടുത്തിയത് താനാണെന്നും കൊലപാതകത്തിന് കാരണം പണമല്ല പ്രതികാരമാണെന്നും ബോക്‌സർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുകയുണ്ടായി.
എതിരാളികളായ തില്ലു താജ്പുരിയ ഗ്യാങ്ങുമായി ബന്ധമുള്ളതുകൊണ്ടാണ് അമിത് ഗുപ്തയെ കൊലപ്പെടുത്തിയത്. അമിത് ഗുപ്തയാണ് ഈ ഗ്യാങ്ങിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതെന്നും ദീപക് ബോക്സര്‍ പറഞ്ഞു. ഗോഗി എന്നറിയപ്പെടുന്ന ഗുണ്ടാസംഘത്തിന്‍റെ തലവനാണ് ദീപക് ബോക്‌സർ. 2021ൽ ഗുണ്ടാനേതാവ് ജിതേന്ദ്ര ഗോഗി കൊല്ലപ്പെട്ടതിന് ശേഷമാണ് ദീപക് ബോക്സര്‍ സംഘത്തിന്‍റെ നേതാവായത്. രോഹിണി കോടതിയില്‍ വെച്ചാണ് ഗോഗി കൊല്ലപ്പെട്ടത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ദീപക് ബോക്‌സർ ഇന്ത്യ വിട്ടത്.
ജനുവരി 29ന് കൊൽക്കത്തയിൽ നിന്ന് രവി ആന്‍റിൽ എന്ന പേരിൽ മെക്സിക്കോയിലേക്ക് വിമാനം കയറുകയായിരുന്നു. ദീപക് ബോക്‌സറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നീ ഗുണ്ടാനേതാക്കളുടെ സഹായം ദീപകിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കാന്‍ ദീപകിനെ ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതി. അതിനിടെയാണ് മെക്സിക്കോയില്‍ വെച്ച് ദീപക് ബോക്സര്‍ പിടിയിലായത്.