ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് ഇന്ന് പിടികൂടിയ അഞ്ച് ഭീകരര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുളള ലഹരിമരുന്ന് കടത്തുന്നവരാണെന്ന് പോലീസ്. ഡല്‍ഹി ശക്കര്‍പൂറില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് ഭീകരരെയും പിടികൂടിയത്. ഇവരില്‍ രണ്ട് പേര്‍ പഞ്ചാബില്‍ നിന്നും മൂന്ന് പേര്‍ കാശ്‌മീരില്‍ നിന്നുമുളളവരാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ഖാലിസ്ഥാന്‍ തീവ്രവാദത്തെ കാശ്‌മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാനാണ് ഇവര്‍ ശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്നും മൂന്ന് പിസ്‌റ്റളുകള്‍, രണ്ട് കിലോ ഹെറോയിന്‍, ഒരു ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ഇവരില്‍ പഞ്ചാബില്‍ നിന്നുളള രണ്ടുപേര്‍ ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ച ബല്‍വീന്ദര്‍ സിംഗിനെ കഴിഞ്ഞ ഒക്‌ടോബറില്‍ വധിച്ച കേസില്‍ പ്രതികളാണ്. മൂന്ന് കാശ്‌മീര്‍ സ്വദേശികള്‍ക്ക് ഹിസ്‌ബുള്‍ മുജാഹിദ്ദീനുമായാണ് ബന്ധമുളളത്. ഇവര്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ കാശ്‌മീര്‍ തീവ്രവാദവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി പ്രമോദ് കുശ്‌വാഹ അറിയിച്ചു. ഇവരുടെ കേസ് പഞ്ചാബ് പോലീസും അന്വേഷിക്കുന്നുണ്ടെന്ന് കുശ്‌വാഹ പറഞ്ഞു.
പഞ്ചാബില്‍ നിന്നുളളവര്‍ തീവ്രവാദികള്‍ നോട്ടമിട്ടവരെ കൊലപ്പെടുത്താനും, കാശ്‌മീരില്‍ നിന്നുളളവര്‍ ലഹരി കടത്താനുമാണ് ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. കാശ്‌മീര്‍ സ്വദേശികള്‍ക്ക് പാകിസ്ഥാനിലും കാശ്‌മീരിലെ പാകിസ്ഥാന്‍ അധിനിവേശമുളളയിടത്തും ശക്തമായ സ്വാധീനമുണ്ട്. ഇവര്‍ ഇരുവരെയും ബന്ധിപ്പിക്കുന്നത് ഐ.എസ്.ഐയാണ്.