ഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഒടുവിൽ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമായതിനാൽ പോക്സോ നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. കേസെടുത്തതിനാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമായി. പരാതി നൽകിയിട്ടും കേസെടുക്കാത്തിൽ പ്രതിഷേധിച്ച് താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ സമരം തുടരുകയാണ്. സമരം ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിയിൽ കേസ് ഉടൻ എടുക്കാനാകില്ലെന്നായിരുന്നു ഡൽഹി പോലീസിന്റെ നിലപാട്. പ്രാഥമിക അന്വേഷണം ആവശ്യമുണ്ടെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ ഇതിനെതിരെ വനിതാ താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി ഇന്നലെ പരിഗണനയ്ക്ക് വന്നപ്പോൾ കേസ് രജിസ്റ്റർ ചെയ്യാമെന്ന് പോലീസ് നിലപാട് തിരുത്തി. പിന്നാലെയാണ് നടപടി. അതേസമയം കേസെടുത്തത് കൊണ്ടു മാത്രം കാര്യമില്ലെന്ന് അറസ്റ്റ് ചെയ്യണമെന്നുമാണ് താരങ്ങളുടെ നിലപാട്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന് ജന്തർ മന്ദറിൽ നിന്നു മാറില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. വാർത്താസമ്മേളനം വിളിച്ചായിരുന്നു താരങ്ങൾ നിലപാട് വ്യക്തമാക്കിയത്.