ന്യൂഡൽഹി : വടക്ക് – കിഴക്കൻ ഡൽഹിയിൽ കലാപത്തിനിരകളായവർക്കായി പുനരധിവാസകേന്ദ്രങ്ങൾ തുറന്നു. കലാപവുമായി ബന്ധപ്പെട്ട് വന്ന എല്ലാ പരാതികളും പരിശോധിച്ചു വരികയാണെന്ന് ഡൽഹി സർക്കാർ അറിയിച്ചു. 42 പേരാണ് കലാപത്തിൽ ഇതുവരെ മരിച്ചത്.
200 ൽ ഗുരുതരമായി പരിക്കേറ്റ 52 പേരിൽ പലരും അപകടനില തരണം ചെയ്തിട്ടില്ല. പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രികളിൽ എത്തുന്നുണ്ട്. കലാപ കേസിൽ 630 അധികം പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. 123 ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഐബി സ്റ്റാഫ് അങ്കിത് ശർമ വധക്കേസിൽ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനും ജാഫറബാദിൽ വെടി ഉതിർത്തയാൾക്കായും പോലീസ് തിരച്ചിൽ തുടരുകയാണ്. വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘവും കോൺഗ്രസ് പ്രതിനിധി സംഘവും കലാപ മേഖലകൾ സന്ദർശിക്കുന്നുണ്ട്.
മുസ്തഫബാദ്, ബ്രംപുര തുടങ്ങിയിടങ്ങളിൽ പുനരധിവാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. തുടർ നീക്കങ്ങൾക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെ ലഭിച്ച പരാതികൾ പരിശോധിക്കാൻ കെജ്‌രിവാൾ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗൗരവമുള്ളവ പോലീസിന് കൈമാറി വരികയാണെന്നും ഡൽഹി സർക്കാർ അറിയിച്ചു.