ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന്. റിപ്പബ്ലിക്ക് പരേഡിന് പിന്നാലെ 12 മണിയോടെ രാജ്യ തലസ്ഥാനത്ത് ട്രാക്ടര്‍ പരേഡ് ആരംഭിക്കും. ഇതോടെ ഇതുവരെ കാണാത്ത പ്രതിഷേധ സമരങ്ങള്‍ക്കാണ് ദില്ലി സാക്ഷ്യം വഹിക്കുക. ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഇന്ന് പരേഡില്‍ അണിനിരക്കുന്നത്. ഒരു ട്രാക്ടറില്‍ നാല് പേരാണ് ഉണ്ടാകുക.
സിംഗു, ടിക്രി, ഗാസിപൂര്‍ എന്നീ അതിര്‍ത്തികളിലാണ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2500ല്‍ അധികം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പരേഡിനെ തുടര്‍ന്ന് ദില്ലി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രാക്ടര്‍ റാലി സമാധാനപരമായിട്ടായിരിക്കും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചരിത്ര സമരത്തിന് ദില്ലി സാക്ഷ്യം വഹിക്കുന്നതോടെ പരേഡില്‍ പങ്കെടുക്കാന്‍ ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ ഒഴുക്കാണ്.
രാജ്പദില്‍ റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിക്കുമ്പോള്‍തന്നെ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കും. വലിയ രീതിയിലുള്ള മുന്‍ കരുതലാണ് കര്‍ഷകരും പോലീസും നടത്തിയിരിക്കുന്നത്. ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരിച്ച് സമരഭൂമിയിലേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമാണ് ട്രാക്ടറുകളില്‍ ഉപയോഗിക്കുക. അതേസമയം 5000 ട്രാക്ടറുകള്‍ക്കാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.