ന്യൂഡൽഹി : കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്നു ചാടിയ സ്ത്രീ മരിച്ചു. ഡൽഹി മുഖർജി നഗറിലെ നിരൺകരി കോളനിയിൽ താമസിക്കുന്ന നേഹ വർമ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭർത്താവ് ധരം വർമയുമൊത്ത് നേഹ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ ടെറസിൽനിന്നു താഴേയ്ക്കു ചാടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാറിൽ പുറത്തുപോയിരുന്ന ഭർത്താവ് തിരിച്ച് അപ്പാർട്ട്മെന്റ് പരിസരത്തേയ്ക്ക് കയറിയ ഉടനാണ് നേഹ താഴേയ്ക്കു ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുൻപ് നേഹ ഭർത്താവിന് ‘ഐ ലവ് യു’ എന്നു ഫോണിൽ സന്ദേശമയിച്ചിരുന്നതായും പോലീസ് പറഞ്ഞു. ചാടുന്നതിന്റെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
നേഹയുടെ ഫോണും സിസിടിവി ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. നേഹയ്ക്കും ധരമിനും ഒരു മകനും മകളുമുണ്ട്. ഇരുവരും യുഎസിലാണ്. ഇവർ ഡൽഹിയിലെത്തിയശേഷം പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.