തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതനം പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍. 2016-ലാണ് അവസാനമായി ജുഡീഷ്യല്‍ കമ്മീഷന്‍ സ്‌കെയില്‍ പരിഷ്‌കരിച്ചത്. ഇതനുസരിച്ച് പി.എസ്.സി അംഗങ്ങളുടെ ശമ്പള സ്‌കെയിലും പരിഷ്‌കരിക്കപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ഈ പരിഷ്‌കരണം നടപ്പിലായില്ല. അത് നടപ്പിലാക്കണമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആവശ്യം ഉന്നയിച്ച് നല്‍കിയ കത്ത് ഒരുവര്‍ഷത്തോളമായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. രാജ്യത്തെ എല്ലാ പി.എസ്.സി അംഗങ്ങളുടെയും സേവന വേതന നിരക്കുകള്‍ നിശ്ചയിക്കുന്നത് ജുഡീഷ്യല്‍ കമ്മീഷന്‍ ശമ്പള നിരക്കിന് അനുസരിച്ചാണ്.
പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ ശമ്പള സ്‌കെയില്‍ കേന്ദ്ര ജുഡീഷ്യല്‍ കമ്മീഷന്റെ ശമ്പള സ്‌കെയിലിന് തുല്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ അല്ല മാനദണ്ഡമായി കണക്കാക്കുന്നത്. നിലവില്‍ കേരളത്തിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം 2006-ലാണ് അവസാനമായി പരിഷ്‌കരിച്ചത്. അതുപ്രകാരം ചെയര്‍മാന് നല്‍കുന്ന ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി. അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും ഉയര്‍ത്തി. ഈ കണക്കനുസരിച്ച് ചെയര്‍മാന് അടിസ്ഥാന ശമ്പളം 76450 രൂപയാണ്.
അംഗങ്ങള്‍ക്ക് 70290 രൂപയും. 2016-ലെ ജുഡീഷ്യല്‍ കമ്മീഷന്‍ ശമ്പള സ്‌കെയില്‍ പ്രകാരം വേതനം പരിഷ്‌കരിച്ചാല്‍ അത് യഥാക്രമം 2,24,100 രൂപയും 2,19,090 രൂപയുമായി ഉയരും. ഇതിന് പുറമെ വീടിന്റെ വാടക അലവന്‍സ്, യാത്രാ ബത്ത തുടങ്ങിയവയും കുത്തനെ ഉയര്‍ത്തേണ്ടി വരും. നിലവില്‍ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളുമടക്കം രണ്ടുലക്ഷത്തിന് മുകളിലാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും ലഭിക്കുന്നത്. പി.എസ്.സി ചെയര്‍മാന്‍, പി.എസ്.സി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള യോഗ്യതകള്‍ നിശ്ചയിച്ചിട്ടില്ല. രാഷ്ട്രീയ നിയമനങ്ങളാണ് നടപ്പിലാക്കിവരുന്നത്. സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ഗവര്‍ണറാണ് അംഗങ്ങളെ നിയമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശമ്പള വര്‍ധനവിനുള്ള ആവശ്യം ചര്‍ച്ചയാകുന്നത്.
നിലവിലെ ശമ്പളം പരിഷ്‌കരിച്ചാല്‍ അത് മൂന്ന് ലക്ഷത്തിന് മുകളില്‍ പോകും. ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നാണ് ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണെങ്കില്‍ ശമ്പള കുടിശ്ശികയ്കയ്ക്ക് തന്നെ കോടികള്‍ വേണ്ടിവരും. നിലവില്‍ ആവശ്യം ഉന്നയിച്ചിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പി.എസ്.സി വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഇക്കാര്യം വാര്‍ത്തയാകുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അവര്‍ അറിയിച്ചു. കേരളത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളം ജുഡീഷ്യല്‍ പേ കമ്മീഷന്‍ പ്രകാരം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു.
ഒടുവില്‍ സുപ്രീം കോടതി താക്കീത് നല്‍കിയതിന് പിന്നാലെയാണ് 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അത് നടപ്പിലാക്കിയത്. പി.എസ്.സി ചെയര്‍മാന്റെ ആവശ്യം നടപ്പിലാക്കണമെങ്കില്‍ അത് മുന്‍കാല പ്രാബല്യത്തോടെ വേണ്ടിവരും. 35 കോടിക്ക് മുകളില്‍ കുടിശ്ശികയ്ക്ക് തന്നെ വേണ്ടിവരും. ഇക്കാരണത്താലാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് സംസ്ഥാനത്ത് പി.എസ്.സിയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പി.എസ്.സിയാണ് കേരളത്തിലേത്.