ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ റവന്യു ഓഫീസുകൾ ഒറ്റക്കുടക്കീഴിലാക്കുന്ന മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടസമുച്ചയത്തിന്റെ നിർമാണം തുടങ്ങുന്നു. 21 കോടി ചെലവഴിച്ചാണ് റവന്യുടവർ നിർമിക്കുന്നത്. എൻജിനിയറിങ് കോളേജിന് സമീപത്തെ പഴയ താലൂക്ക് ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടസമുച്ചയം ഉയരുന്നത്. ഇതിന്റെ ഭരണാനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. 100 വർഷം പഴക്കമുള്ള പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരമായിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്ക് ഓഫീസ്, ആർ.ഡി.ഒ. ഓഫീസ്, ചെങ്ങന്നൂർ വില്ലേജ് ഒാഫീസ്, രജിസ്‌ട്രേഷൻ ഓഫീസ് എന്നിവ പുതിയ കെട്ടിടത്തിലായിരിക്കും.
റീബിൽഡ് കേരളയിൽനിന്നുള്ള ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. റീബിൽഡ് കേരള പദ്ധതി പ്രകാരം 10.12 കോടി രൂപയാണ് അനുവദിച്ചത്. 11 കോടി ബജറ്റ് വിഹിതമായി സർക്കാർ അനുവദിക്കുന്നത്. രണ്ടു പദ്ധതികളിലായിട്ടാണ് കെട്ടിടനിർമാണമെങ്കിലും ഒറ്റ ടെൻഡർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആദ്യം താലൂക്ക് ഓഫീസ് മാത്രമാണ് പണിയാനുദ്ദേശിച്ചത്. പിന്നീട് മറ്റ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ശോച്യമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് റവന്യൂടവർ എന്ന ആശയമുണ്ടായത്. തുടർന്ന് ഇതിനുള്ള നിർദേശം മന്ത്രി സജി ചെറിയാൻ സർക്കാരിനു സമർപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസ് നഗരത്തിൽത്തന്നെ താത്കാലിക ഓഫീസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെത്തുടർന്ന് കഴിഞ്ഞവർഷമാണ് താലൂക്ക് ഓഫീസ് താത്കാലിക കെട്ടിടത്തിലേക്ക് മാറിയത്.