കായംകുളം : പത്തിയൂർ പാലം പുനർനിർമിക്കുന്നതിനു മുന്നോടിയായി നിലവിലെ പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി. കരിപ്പുഴ തോടിനു കുറുകെയാണ് പത്തിയൂർ പാലം നിർമിച്ചിരിക്കുന്നത്. പാലം പൊളിക്കുമ്പോൾ യാത്രക്കാർക്കു നടന്നുപോകുന്നതിന് സംവിധാനമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.
ആറുമാസത്തിനുള്ളിൽ പാലംപണി പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പാലം നിർമിക്കുന്നതിന് 2.78 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാലത്തിന് 27 മീറ്റർ നീളവും രണ്ടുവരി ഗതാഗതത്തിനാവശ്യമായ 7.5 മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിൽ നടപ്പാതയുമുൾപ്പെടെ 11 മീറ്ററാണ് ആകെ വീതി. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട് കടവ് റോഡിന്റെ പുനർനിർമാണത്തിന്റെ അനുബന്ധമായി പത്തിയൂർ പാലം നിർമാണവും ഉൾപ്പെട്ടിരുന്നു.
പദ്ധതിക്കായി 20.24 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഡിസൈൻ ലഭ്യമാക്കുന്നതിലും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള കാലതാമസവും പാലം നിർമാണം വൈകുന്നതിനു കാരണമായി. തുടർന്ന് റോഡ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായശേഷം പാലംനിർമാണത്തിനായി 2.78 കോടി രൂപയുടെ സാങ്കേതികാനുമതി നൽകി പുതിയ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. പാലം പൊളിക്കുന്നതിനു മുന്നോടിയായി ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.