കൊച്ചി : 2020 മാര്‍ച്ചില്‍ ദുബായില്‍ വെച്ച് മരിച്ച ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടപടി. ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നതിന് തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സാജു കെ എബ്രഹാം പറഞ്ഞു.
രാവിലെ 9 മണിയോടെ നോര്‍ത്ത് ചാലക്കുടിയിലുള്ള സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഉന്മേഷ് എ കെ. ആണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഡെന്‍സി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ദുബായ് പോലീസിന്റെ റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനാല്‍ കഴുത്തിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ടാകുമെന്നാണ് നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അടക്കം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധിച്ചു.
മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രാസ പരിശോധനക്കുള്ള സാമ്ബിളുകള്‍ ശേഖരിച്ചു. ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാനേജരും കോഴിക്കോട് സ്വദേശിയുമായ ഹാരിസിനേയും ഷൈബിന്‍
അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊന്നുവെന്ന് പ്രതികള്‍ കുറ്റ സമ്മതം നടത്തിയിരുന്നു. ഒറ്റമൂലി വൈദ്യന്‍ ഷാബ ശരീഫിനെ കൊപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ഷൈബിന്‍ അഷറഫ്. 2019 ഡിസംബറിലാണ് ഡെന്‍സി വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയത്. 2020 മാര്‍ച്ച് 5നായിരുന്നു മരണം. ഡെന്‍സി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ഇതുവരെ വിശ്വസിച്ചിരുന്നത്.