കാസർകോട് : കൊവിഡിന് പിന്നാലെ കാസർകോട് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർധന. ജില്ലയില്‍ ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക ഉയർത്തുകയാണ്.
1856 ഡെങ്കി കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കുറ്റിക്കോൽ സ്വദേശിയായ വീട്ടമ്മയും തൃക്കരിപ്പൂർ സ്വദേശി 65 കാരനും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ കയ്യൂർ ചീമേനി പഞ്ചായത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 210 പേർ. കുറ്റിക്കോൽ, പനത്തടി, ബളാൽ, കള്ലാർ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നൂറിലേറെ പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കഴിഞ്ഞ വർഷം മലയോര മേഖലകളിൽ മാത്രം ഒതുങ്ങിയിരുന്ന ഡെങ്കിപ്പനി ഇത്തവണ കാസർകോട് നഗരസഭയടക്കം നഗരങ്ങളിലും തീരപ്രദേശത്തും പടരുകയാണ്.
കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ ഡെങ്കിപ്പനി തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ജൂലൈ അവസാനം വരെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനക്ക് സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.