തിരുവനന്തപുരം: കേരളത്തില്‍ 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര അടക്കമുള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ ഹോട്‌സ്‌പോട്ടുകള്‍. തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം ഉള്‍പ്പെടെ 12 ഇടങ്ങളാണ് പനി മേഖല.
പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉള്‍പ്പെടെ 12 സ്ഥലങ്ങളാണ് പത്തനംതിട്ട ജില്ലയിലും. ഇടുക്കിയില്‍ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ കേസുകള്‍ കൂടുകയാണ്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്‌സ്‌പോട്ടുകള്‍. ആലപ്പുഴ മുനിസിപ്പാലിറ്റിയും ഹോട്‌സ്‌പോട്ട് ലിസ്റ്റിലുണ്ട്. ഏഴ് സ്ഥലങ്ങളാണ് ജില്ലയിലെ പനി മേഖല. എറണാകുളത്ത് കൊച്ചി കോര്‍പറേഷന്‍ പ്രദേശമുള്‍പ്പെടെ പനി ബാധിത മേഖലയാണ്. ജില്ലയില്‍ ഒന്‍പത് മേഖലകള്‍ പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരില്‍ കോര്‍പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി ബാധ കൂടുന്നു. ഒല്ലൂരും കേസുകള്‍ കൂടുതലാണ്. പാലക്കാട് നാല് പനി ബാധിത മേഖലകള്‍ മാത്രമേയുള്ളു. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയില്‍ ഉള്‍പ്പെടുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരിയും മീനങ്ങാടിയും ഉള്‍പ്പെടെ നാലെണ്ണം മാത്രം. തലശേരിയും പാനൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനി ബാധിത മേഖലകളിലുണ്ട്. കാസര്‍കോട് അഞ്ച് പനി ബാധിത മേഖലകളാണുള്ളത്.