തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. കല്ലറ പാങ്കാട് ആര്‍.ബി.വില്ലയില്‍ കിരണ്‍ ബാബു ആണ് മരിച്ചത്. 26 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇതുവരെ 36 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. അതേസമയം മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. പൊന്നാനി സ്വദേശിയായ 70 വയസുകാരനും 44 വയസുള്ള മകനുമാണ് മരിച്ചത്. പനി ബാധിച്ചാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ 24, 28 തിയതികളിലാണ് ഇവര്‍ മരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.
ഇതിന്റെ ഫലം വന്നപ്പോഴാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുന്നത്. ഇരുവരും കര്‍ഷകരായിരുന്നു. ജില്ലയില്‍ എലിപ്പനി വ്യാപനം രൂക്ഷമായതോടെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പു നൽകി. അതിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 36 പേര്‍ മരിച്ചു. വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പനി ബാധിച്ചു മരിച്ചിരുന്നു. അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ നിഭിജിത് ആണ് മരിച്ചത്. പനി ബാധിച്ച് കുഞ്ഞ് ചികിത്സയിലായിരുന്നു. ഒരാഴ്ച്ചക്കിടെ ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.