കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ചൂര്‍ണിക്കര, വാഴക്കുളം, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്സ്പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയും കൂടുതലായി കാണപ്പെടുന്നുണ്ട്. ആശുപത്രികളില്‍ പനിയുമായി എത്തുന്നവരില്‍ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ശ്വാസംമുട്ടല്‍ പ്രശ്‌നങ്ങളും കൂടുതലായി കാണുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുകയാണ്. അതേസമയം ഡെങ്കിപ്പനി പടരുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.