തിരുവനന്തപുരം : ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.എസ്. പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബുവിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജീവനക്കാരിയുടെ പരാതിയില്‍ അരുവിക്കര പോലീസ് പ്രദീപിനെതിരെ കേസെടുത്തിരുന്നു.
പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നെന്നും ക്വാര്‍ട്ടേഴ്സിലെത്താന്‍ ആവശ്യപ്പെടുന്നെന്നും കാണിച്ചാണ് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് അരുവിക്കര എസ്.എച്ച്.ഒ ഷിബുകുമാര്‍ പറഞ്ഞു. നേരത്തേ സ്കൂളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സി.എസ്. പ്രദീപിനെ അന്നത്തെ കായികമന്ത്രിയായിരുന്ന എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരം കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇന്റലിജന്സിെന്റയും സ്പെഷല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഉന്നതകേന്ദ്രങ്ങളെ സ്വാധീനിച്ച് ഇയാള്‍ വീണ്ടും ജി.വി. രാജയിലേക്ക് തിരിച്ചെത്തുകയായിരുന്നെന്നാണ് ആക്ഷേപം. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന് നിയമസഭയില്‍ അറിയിച്ചു.